ലക്നോ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ വിവാഹിതയായ യുവതിക്കുനേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഷേർഗറിലുണ്ടായ സംഭവത്തിൽ ഉമേഷ് കശ്യപ് എന്നയാളെ പോലീസ് തെരയുകയാണ്.
ആസിഡ് ആക്രമണത്തിൽ യുവതി, ഭർത്താവ്, ഇവരുടെ രണ്ട് പിഞ്ചുകുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കടുത്ത ചൂട് കാരണം യുവതിയും ഭർത്താവും മക്കളും വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.
ഈ സമയത്ത് എത്തിയ ഉമേഷ് കശ്യപ് ഇവർക്ക് നേരെ ആസിഡ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ ഉമേഷ് കശ്യപ് നാളുകളായി യുവതിയെ ശല്യം ചെയ്യുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഈ ആവശ്യം നിരസിച്ചു.
ഇതിൽ പ്രകോപിതനായ പ്രതി ആക്രമണം നടത്തുകയായിരുന്നു. ആസിഡ് ശരീരത്തിൽ വീണതോടെ കുട്ടികളടക്കമുള്ളവർ നിലവിളിച്ചുകൊണ്ട് എഴുന്നേൽക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. നാലുപേരുടെയും ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.